ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
ബാലുശ്ശേരി കോട്ട പരദേവതാക്ഷേത്രം ഇപ്പോള്‍ പനങ്ങാട് പഞ്ചായത്തിലാണെങ്കിലും ബാലുശ്ശേരിയുടെ സാംസ്കാരികചരിത്രത്തിലെ അവിഭാജ്യഘടകമാണ്. കോട്ടയുടെ ചരിത്രവും, ബാലുശ്ശേരിയുടെ ചരിത്രവും പരസ്പരപൂരകങ്ങളാണ്. മരുമക്കത്തായ സമ്പ്രദായം നിലവില്‍ ഉണ്ടായിരുന്ന കാലത്ത്, കൂട്ടുകൂടുംബങ്ങളുടെ അനേകം തറവാട്ടുക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിലുണ്ടായിരുന്നു. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷപൂര്‍ണ്ണമായ പല സംഭവങ്ങളും അക്കാലത്തുണ്ടായി. സവര്‍ണ്ണരുടെ കൈവശത്തിലായിരുന്ന കോങ്കോട്ടുകുന്നു ഭഗവതി ക്ഷേത്രത്തിലേക്ക് അവര്‍ണ്ണര്‍ പ്രവേശിച്ചത് അക്കാലത്തെ ഒരു പ്രധാന സംഭവമായിരുന്നു. നാടുവാഴികളുടെയും, സാമ്രാജ്യത്വവാഴ്ചയുടെയും മണവും ഗുണവും വിവിധ ഘട്ടങ്ങളിലായി ഇവിടുത്തെ സമൂഹവും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിഭജന-വിഘടന-ദേശദ്രോഹ വാഴ്ച്ചയ്ക്കെതിരെ ചെറുത്തുനില്‍പ്പിന്റെ സംഭവപരമ്പരകള്‍ ഈ ഗ്രാമത്തിലും അരങ്ങേറിയിട്ടുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരിനാല്‍ സ്ഥാപിതമായ തദ്ദേശഭരണ സ്ഥാപനങ്ങളില്‍പെട്ട ബാലുശ്ശേരി പഞ്ചായത്തിന്റെ ഭരണസമിതി, ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു മുമ്പ് പാസാക്കിയ പ്രമേയങ്ങളില്‍ പലതും വിദേശഭരണകൂടത്തെ വെല്ലുവിളിക്കുന്നവയായിരുന്നു. പഞ്ചായത്ത് ഓഫീസില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണം; മഹാത്മജിയുടെ ഛായാപടം തൂക്കണം; ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ യുദ്ധ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് ഇന്ത്യാ വൈസ്രോയിയുടെ വിശദീകരണം തൃപ്തികരമല്ല; അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നടപടികളോട് പൂര്‍ണ്ണമായി യോജിക്കുന്നു എന്നിങ്ങനെ അക്കാലത്ത് പാസ്സാക്കിയ പ്രമേയങ്ങളിലെ ചില വരികളാണ് ചേര്‍ത്തിരിക്കുന്നത്. 1931-ല്‍ ബാലുശ്ശേരിയില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിനു നേരെ കുഞ്ചുമേനോന്‍ എന്നാരു നരാധമനായ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടന്ന ലാത്തിച്ചാര്‍ജ്ജ് അതിഭീകരമായിരുന്നു. നിസ്സഹകരണ സമരവും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും ജനജീവിതത്തെ ഇളക്കി മറിച്ചു. കോക്കല്ലൂര്‍ അംശക്കച്ചേരി തീവെപ്പും, ഉള്ളിയേരി പാലം തകര്‍ത്ത സംഭവവും വിദേശഭരണത്തിനെതിരായ ശക്തമായ പ്രതിഷേധത്തിന്റെ സൂചനയായിരുന്നു. കാര്‍ഷിക രംഗത്ത് ഉയര്‍ന്നുവന്ന സമരങ്ങള്‍ നിരവധിയാണ്. രാമയ്യരുടെ കൈവശമുണ്ടായിരുന്ന മിച്ചഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം ശക്തമായിരുന്നു. ഇതിന്റെ ഫലമായി മിച്ചഭൂമി പതിച്ചുകൊടുക്കാന്‍ അധികാരികള്‍ തയ്യാറായി. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടൊപ്പം മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റേയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ അക്കാലത്ത് തെരുവിലിറങ്ങിയിരുന്നു. ഇന്ത്യ സ്വതന്ത്രമാകുന്നതിനും ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പെ തന്നെ ബാലുശ്ശേരി പഞ്ചായത്ത് പിറന്നു കഴിഞ്ഞിരുന്നു. പഞ്ചായത്തില്‍ ആരംഭിച്ച ഒന്നാമത്തെ വിദ്യാലയം കോക്കല്ലൂര്‍ എലിമെന്ററി സ്ക്കൂളാണെന്ന് പറയപ്പെടുന്നു. പറമ്പിന്റെമുകളില്‍ പ്രവര്‍ത്തിക്കുന്ന സി.കെ.ആര്‍ വായനശാലയാണ് പഞ്ചായത്തിലെ ആദ്യത്തെ വായനശാല. 1938 ജൂലായ് 16-നു ജില്ലാ പഞ്ചായത്ത് ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ഉക്കപ്പക്കുറുപ്പിനെ ബാലുശ്ശേരിയുടെ ഒന്നാമത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. വോട്ടര്‍മാര്‍ കൈപൊക്കി വോട്ടു ചെയ്ത് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന സമ്പ്രദായമായിരുന്നു, ഒന്നും രണ്ടും ഭരണസമിതികളുടെ കാലത്ത് ഉണ്ടായിരുന്നത്. ഇന്നത്തെപോലെ രഹസ്യ ബാലറ്റ് സമ്പ്രദായം നിലവില്‍ വന്നത് 1953-ല്‍ മദ്രാസ് വില്ലേജ് പഞ്ചായത്ത് നിയമമനുസരിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ ഭരണസമിതി അധികാരത്തില്‍ വരുന്ന കാലത്താണ്. വ്യാവസായിക രംഗത്ത് പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണ് ബാലുശ്ശേരി. പരമ്പരാഗത വ്യവസായ മേഖല പൊതുവെ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പഞ്ചായത്തിലെ പരിമിതമായ വ്യവസായ സ്ഥാപനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പറമ്പിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്.
വിദ്യാഭ്യാസചരിത്രം
സംസ്ഥാനത്തിന്റെ ഇതര പ്രദേശങ്ങളെപ്പോലെ ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍, പുനരുദ്ധാരണ പ്രസ്ഥാനങ്ങള്‍, ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങള്‍, സ്വകാര്യ ഏജന്‍സികള്‍, ജനകീയസംഘടനകള്‍ എന്നിവയെല്ലാം ബാലുശ്ശേരിയുടെ വിദ്യാഭ്യാസപുരോഗതിക്കു തനതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ആദ്യമായി പഞ്ചായത്തിലാരംഭിച്ച ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം കോക്കല്ലൂര്‍ എലിമെന്ററി സ്ക്കൂളാണ്. കുന്നക്കൊടി പോലുള്ള ചില പ്രദേശങ്ങളില്‍ കുടിപ്പള്ളിക്കൂടങ്ങളും നിലനിന്നിരുന്നു. കുറുപ്പനകണ്ടിയിലും, പൊറ്റോല്‍ വളപ്പിലും ഇത്തരം സംരംഭങ്ങള്‍ നിലനിന്നിരുന്നു. ചോയക്കുട്ടിവൈദ്യര്‍ തുടങ്ങിയ എഴുത്താശാന്‍മാരായിരുന്നു ഇവയ്ക്കു നേതൃത്വം നല്‍കിയിരുന്നത്. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു പഞ്ചായത്തിനുള്ളില്‍ സൌകര്യം ഇല്ലാതിരുന്ന കാലത്ത് കൊയിലാണ്ടി ഹൈസ്ക്കൂളിനെയാണ് ഇവിടത്തുകാര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിച്ചിരുന്നുവെങ്കിലും സ്ഥലം ലഭ്യമല്ലാതെ വന്നപ്പോള്‍ അത് നന്മണ്ടയിലേക്കു മാറ്റി സ്ഥാപിക്കുകയുണ്ടായി. ലഭ്യമായ വിദ്യാഭ്യാസ സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ പഞ്ചായത്തിലെ പിന്നോക്കജാതിക്കാര്‍ ആദ്യഘട്ടത്തില്‍ പുറകിലായിരുന്നുവെങ്കിലും മറ്റു പല പ്രദേശങ്ങളിലേതിനേക്കാള്‍ ചുരുങ്ങിയ ഇടവേളയ്ക്കുള്ളില്‍ ഇവരും മുഖ്യ ധാരയില്‍ എത്തുകയുണ്ടായി.
സാംസ്കാരികചരിത്രം
പഞ്ചായത്തിന്റെ സാംസ്കാരികരംഗം വളരെ സമ്പന്നമാണ്. സാംസ്കാരിക നവോത്ഥാനരംഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് അമൂല്യമാണ്. 1911-ല്‍ ആരംഭിച്ച കോക്കല്ലൂര്‍ എലിമെന്ററി സ്ക്കൂളാണ് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനം. തെയ്യം, തിറ, തിരുവാതിരക്കളി, ഒപ്പന, കോല്‍ക്കളി, പരിചമുട്ടുകളി, വട്ടകളി, ദഫ്മുട്ട്, നാടോടിപാട്ടുകള്‍, അമ്പെയ്ത്ത്, കമ്പവലി, വായ്ത്താരികള്‍ എന്നിവ പഞ്ചായത്തിലെ പല പ്രദേശങ്ങളിലുമായി ഇന്നും കുറഞ്ഞ രൂപത്തിലെങ്കിലും നിലനില്‍ക്കുന്നു. വടക്കന്‍ കേരളത്തിന്റെ ഹരമായിരുന്ന വോളിബോള്‍ ഇന്ന് ഏതാനും ചില മൈതാനങ്ങളിലൊതുങ്ങുന്നുവെങ്കിലും പഞ്ചായത്തിന് ഈ രംഗത്ത് ഒറ്റപ്പെട്ട ചില സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വേഗം കൂടിയ കളിക്കാരന്‍ എന്ന് ക്യൂബന്‍ കോച്ച് വിശേഷിപ്പിച്ചിട്ടുള്ള ഇന്ത്യന്‍ വോളിബോള്‍ ടീമിലെ പ്രധാന കളിക്കാരനായ മുകേഷ് ലാല്‍ മണ്ണാംപൊയില്‍ യുവജന സെന്ററിലൂടെയാണ് വളര്‍ന്നുവന്നത്. ഈ ഗ്രാമത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. തിറയുത്സവങ്ങള്‍, അയ്യപ്പന്‍ വിളക്ക് എന്നിവയും ഒന്നര നൂറ്റോണ്ടോളം പഴക്കം ചെന്ന എരമംഗലം മുസ്ളീം പള്ളിയിലെ ജാറം നേര്‍ച്ചയും വലിയ ജനപങ്കാളിത്തത്തോടെ നടന്നുവരുന്നു. പഞ്ചായത്തില്‍ നിലനില്‍ക്കുന്ന തികഞ്ഞ മതസൌഹാര്‍ദ്ദം പുകള്‍പെറ്റതാണ്. ആദ്യകാലത്തെ ആരാധനാലയങ്ങളുടെ കൂട്ടത്തില്‍ എരമംഗലം മുസ്ളീം പള്ളിക്ക് പ്രത്യേക സ്ഥാനമുണ്ട്.